Kerala NewsLatest NewsLocal NewsNationalNews

മഴ തീവ്രമായി കലിതുള്ളുകയാണ്, പ്രളയ സമാനമായി കേരളം.

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പ് നില നിൽക്കുമ്പോൾ പ്രളയ സമാനമായ അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കു ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ രാത്രി ഒരു കാർ ഒഴുകിപ്പോയതായി സംശയിക്കുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണ് വിവരം. കനത്ത മഴ കാരണം തിരച്ചിൽ നടത്താൻ ആയിട്ടില്ല. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കാനിരിക്കുകയാണ്.
പീരുമേട്ടിൽ മൂന്നിടത്ത് ആണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കോഴിക്കാനം,ഏലപ്പാറ, അണ്ണൻതമ്പിമല, മേഖലകളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടലുണ്ടായത്. തോട് കരകവിഞ്ഞ് ഏലപ്പാറ ടൗണിൽ വെള്ളം കയറി. വീടുകളിലും വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തുകയാണ്.

വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങുകയായിരുന്നു. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 31 അടി കൂടുതലാണ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയർന്നു. ഗ്യാപ്പ് ‌റോഡില്‍ മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും, ഉരുൾപൊട്ടലും ഉണ്ടായി. മരങ്ങൾ വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ വ്യാഴാഴ്ച ശക്തിപ്രാപിക്കുകയായിരുന്നു.
ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം ആണ് ഉണ്ടാക്കിയത്. കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- കുട്ടിക്കാനം, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്. വലിയ കല്ലുകൾ റോഡിലേക്കു വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയർഫോഴ്സും പൊലീസും നാട്ടുകാരും രാത്രി വൈകിയും ഗതാഗത തടസ്സം നീക്കുകയാണ്.

രാത്രി എട്ടരയോടെ പമ്പാനദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു. ജലനിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. ശബരിമല പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്ന് പടിക്കെട്ടു മുങ്ങി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ കാണാത്തതു പെയ്യുകയാണ്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ രാത്രിയോടെ 10 സെന്റി മീറ്റർ ഉയർത്തി. ജലനിരപ്പ് ഉയരുന്നതിനാൽ രണ്ടു ഷട്ടറുകൾ കൂടി തുറക്കാൻ സാധ്യതയുണ്ടെന്നു ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങരുതെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

കുമളി– കോട്ടയം കെകെ റോഡിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായി വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുകയാണ്. പൂഞ്ഞാർ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചിൽ ഉണ്ടായി.

കോട്ടയം, എറണാകുളം ജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. പെരിയാറില്‍ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറിയിരിക്കുകയാണ്.
അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 40 സെന്റിമീറ്ററും മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്. രാത്രി 8.45 നാണ് നാലാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയത്. മഴയും കാറ്റും ശക്തിയാർജിച്ചതിനെ തുടർന്ന് വ്യാപകമായി വൈധ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോർഡിന്റെ സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ചു ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജ്ജീകരിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button