മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ സ്വര്‍ണക്കടത്ത് കേസിന്റെ ഗതിയാകെ മാറി.

സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക നീക്കത്തിന്റെ ഭാഗമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്, കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ കേസിന്റെ ഗതിയാകെ മാറി. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ പ്രതിപക്ഷവും ബി ജെ പി യും ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ 12 മണിക്കൂർ ചോദ്യം ചെയ്തതിനു പിറകെയാണ് ,രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന മന്ത്രിയെ ഇ.ഡി കള്ളക്കടത്തു കേസുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നത്.
രഹസ്യമായി നടത്തിയ ചോദ്യംചെയ്യൽ സംബന്ധിച്ച വിവരം ന്യൂഡൽഹിയിലുള്ള എൻഫോഴ്സ്‌മെന്റ് മേധാവി എസ്. കെ. മിശ്രയാണ് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ സ്ഥിരീകരിക്കുന്നത്. ജലീലിനെ ചോദ്യം ചെയ്തത് സ്ഥിരീകരിക്കാൻ കേസന്വേഷണം നടത്തുന്ന ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല.
അരൂരിലെ വ്യവസായി അനസിന്റെ ഇന്നോവ ക്രിസ്റ്റ കാറിൽ ആണ് ജലീൽ കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ്ഓഫീസിൽ എത്തുന്നത്. രണ്ടു മണിക്കൂർ ചോദ്യംചെയ്യലിനു ശേഷം അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ ജലീൽ അവിടെ നിർത്തിയിട്ടിരുന്ന തന്റെ ഔദ്യോഗിക വാഹനത്തിൽ പിന്നീട് മലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മന്ത്രി ജലീൽ അനസിന്റെ വീട്ടിലെത്തിയതിന് സ്ഥിരീകരണമുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായാണ് ചോദ്യം ചെയ്തതെന്നാണ് എൻഫോഴ്സ്‌മെന്റ് മേധാവി ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.
യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവരുമായുള്ള ബന്ധം,സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം, നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു,പ്രോട്ടോകോൾ ലംഘിച്ച് എന്തിന് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു, സ്വപ്‌ന സുരേഷുമായുള്ള തുടർച്ചയായ ഫോൺവിളികൾ,തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ഇ ഡി മന്ത്രി ജലീലിനോട് ചോദിച്ചിരിക്കുന്നത്.
കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയിൽ നിന്ന് വിദേശസഹായം സ്വീകരിച്ചതിനു മന്ത്രി ജലീലിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുക്കുമെന്നാണ് വിവരം. നൂറ് ഭക്ഷ്യക്കിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോൺസുൽ ജനറലുമായി ചട്ടവിരുദ്ധ ജലീൽ നടത്തിയിരുന്നു. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികാന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദാന്വേഷണത്തിന് നിർദ്ദേശിക്കുകയാണ് ഉണ്ടായത്. ഇതേക്കുറിച്ച് ഇ.ഡി രേഖപ്പെടുത്തിയ വിശദമായ മൊഴി കേന്ദ്ര വിദേശ, ധനകാര്യ മന്ത്രാലയങ്ങൾക്കും, കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ഇന്നലെ തന്നെ ഇ ഡി നൽകുകയുണ്ടായി.
രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ചട്ടങ്ങൾ ലംഘിച്ചു വിദേശ നയതന്ത്ര പ്രതിനിധികളുമായി ഇടപാടുകൾ നടത്തുകയും, രാജ്യ ദ്രോഹകുറ്റം ആരോപിക്കപ്പെട്ട പ്രതികൾ അടങ്ങുന്ന സ്വർണ്ണക്കള്ളക്കടത്ത് കേസുമായും ബന്ധപ്പെട്ട് കേരളത്തിലെ ഒരു സംസ്ഥാന മന്ത്രിയെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്ചോദ്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നതാണ്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്.
ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് ചില സൂചനകൾ ലഭിച്ചിരുന്നു. യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മന്ത്രി ജലീനെതിരെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകളും നൽകിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തില്‍ ഏജൻസികൾ കണ്ടെത്തിയിരുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്.