തിരുവനന്തപുരവും സാമൂഹ്യ വ്യാപന ഭീഷണിയിലേക്കോ, കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
KeralaLocal News

തിരുവനന്തപുരവും സാമൂഹ്യ വ്യാപന ഭീഷണിയിലേക്കോ, കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിലും, മരണങ്ങളിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് നഗരത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന ആശങ്ക വർധിപ്പിക്കുകയാണ്. ലോക് ഡൗൺ പിൻവലിച്ച ശേഷം ജനങ്ങളുടെ ജാഗ്രതയിൽ വന്ന കുറവ് സംബന്ധിച്ച് അധികൃതർ നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ വെള്ളിയാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 17 വഴുതൂര്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് – തളയല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 66 – പൂന്തുറ, വാര്‍ഡ് – 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയിന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27 കൂടാതെ പാളയം വാര്‍ഡ് എന്നിവടങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

മുംബൈയിലും, ചെന്നൈയിലും, അഹമ്മദാബാദിലും ഉണ്ടായ പോലെ സാമൂഹ്യ വ്യാപന ഭീഷണിയിലേക്കാണ് തിരുവനന്തപുരവും നീങ്ങുന്നത്. നഗരത്തിൽ കോവിഡ് സ്ഥിതീകരിച്ച ആട്ടോ ഡ്രൈവർ നഗരത്തിലെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുകയും, സീരിയൽ ഷൂട്ടിങ്നും മറ്റും പങ്കെടുക്കുകയും ചെയ്തിരുന്നു. ജൂൺ 12 ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇയാൾ ചികിത്സ തേടി. ജനറൽ ഹോസ്പിറ്റലിലേക്ക് തുടർ ചികിത്സയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും, എന്നാൽ ഇദ്ദേഹം ജൂൺ 17ന് മാത്രമാണ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. ഇതിനിടയിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു, ഇയാളുടെ ഭാര്യയ്ക്കും മക്കൾക്കും രോഗം പിടിപെടുകയും ചെയ്തു. ഇയാൾ ഒരു സൂപ്പർ സ്പ്രെഡ്ർ ആകാൻ ഉള്ള എല്ലാ സാധ്യതകളുമുണ്ട് എന്ന ആശങ്ക ആരോഗ്യവകുപ്പിന് ഉണ്ടാവുകയുമായിരുന്നു. നഗരത്തിൽ സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്യുന്ന ഒരു ആസാം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു..

ലോക് ഡൗൺ പിൻവലിച്ച ശേഷം നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും, കച്ചവടസ്ഥാപനങ്ങളിലും , മാർക്കറ്റുകളിലും, പൊതുഇടങ്ങളിലും സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. നഗരത്തിലെ മാളുകളും, വൻകിട കച്ചവടസ്ഥാപനങ്ങളും സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റും സാനിറ്റൈസറും മറ്റും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നു. ജനത്തിരക്ക് കൂടുമ്പോൾ ഇവിടങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല.

ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആളുകള്‍ അത്യാവശ്യത്തിന് മാത്രമെ പുറത്തിറങ്ങാവൂ എന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. നഗരമോ ജില്ലയോ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഉറവിടം അറിയാത്തതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രോഗം സ്ഥീരികരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കും. ഷോപ്പിംഗ് മേഖല നിബന്ധനകള്‍ക്ക് വിധേയമായി തന്നെ പ്രവര്‍ത്തിക്കണം. നഗരസഭ പരിശോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കടകള്‍ തന്നെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഓഫിസ് ജോലിക്ക് എത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും താഴേത്തട്ടില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു. ജില്ലയിലെ 18 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ കണ്ടെയ്‌നമെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാരായമുട്ടത്ത് സേലത്തേക്ക് പോയയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാരായമുട്ടത്ത് സ്രവ പരിശോധന വ്യാപിപ്പിക്കും. ജില്ലയില്‍ ആന്റിജന്‍ പരിശോധന രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Post Your Comments

Back to top button