

ജോർജ് ഫ്ലോയിഡിനെ അമേരിക്കയിൽ പൊലീസ് കൊലപ്പെടുത്തിയ തിനെതിരായ പ്രതിഷേധം ലോകമെങ്ങും ഉയരുമ്പോഴാണ് തൂത്തുക്കുടിയിൽ തമിഴ്നാട് പോലീസിന്റെ കാടത്തം അരങ്ങേറിയത്. സെൽ ഫോൺ കട നടത്തിവരുകയായിരുന്ന വ്യാപാരിയും, മകനും പോലീസിന്റെ കസ്റ്റഡിയിൽമർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സംഭവം നവകേരള ന്യൂസ് തൊട്ടടുത്ത ദിവസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. തൂത്തുക്കുടിക്ക് സമീപം സാത്താങ്കുളം എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ കൊടും ക്രൂരതയുടെ തിരക്കഥ കൂടുതലായി പുറത്തു വന്നുകൊണ്ടിരിക്കുമ്പോൾ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധാഗ്നി ആളുകയാണ്. അമേരിക്കയിൽ ജോർജ് ഫ്ലോയിഡിനെ പൊലീസ് പെട്ടെന്ന് നടത്തിയ കൃത്യത്തോടെ വകവരുത്തുകയായിരുന്നു. തൂത്തുക്കുടിയിൽ നടന്നത് അങ്ങനെയായിരുന്നില്ല. കാക്കിക്കുള്ളിലെ മൃഗീയതയാണ് തൂത്തുക്കുടി പോലീസ് കാട്ടിക്കൂട്ടിയത്. ബ്രട്ടീഷുകാരൻ പോലും ഇന്ത്യൻ മണ്ണിൽ കാട്ടാത്ത ക്രൂരത. അച്ഛനെയും, മകനെയും ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ഇരുവരുടെയും മലദ്വാരങ്ങളിൽ ഇരുമ്പുദണ്ഡുകൊണ്ട് കാട്ടിയ അക്രമത്തിന്റെ ഭലമായി രണ്ടു ദിവസത്തോളം രകതം ഒഴുകുന്ന നിലയായിരുന്നു.
ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂണ് 19-ന് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടിയിലെ കടയുടമ അൻപത്തൊൻപത് വയസുള്ള ജയരാജനെയും, മുപ്പത്തൊന്നു വയസുള്ള മകൻ ബെന്നിക്‌സിനെയുമാണ്പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.
ക്രൂരമർദ്ദനത്തിനു പുറമെ അച്ഛനെയും, മകനെയും, തൂത്തുക്കുടി പോലീസ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന ഒറ്റ കുറ്റത്തിനാണ്, ജയരാജനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. അച്ഛനെ പൊലീസ് പിടിച്ചതറിഞ്ഞു മകൻ ബെന്നിക്‌സ് സ്റ്റേഷനിലെത്തുകയായിരുന്നു. പിതാവിനെ കസ്റ്റഡിയിൽ എടുത്ത വിഷയത്തെ പാട്ടി ചോദിച്ച ബെന്നിക്‌സിനെ, പൊലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരുടെയും മേൽ പ്രാകൃതവും ക്രൂരവുമായി മർദ്ദന മുറകളാണ് പോലീസ് കാട്ടിയതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മർദ്ദനത്തിൽ ഇരുവരുടെയും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരിക്കുന്നു. ഇരുമ്പുകമ്പി മലദ്വാരത്തില്‍ ഉള്‍പ്പെടെ കുത്തിയിറക്കിയാണ് പോലീസ് മുറിവേല്‍പ്പിക്കുകയും, പൈശാചികമായ ക്രൂരത കാട്ടുകയും ചെയ്തിരിക്കുന്നത്. തുടർച്ചയായി രണ്ടു ദിവസങ്ങൾ ഇരുവരെയും പോലീസ് അന്യായമായി കസ്റ്റഡിയിൽവെച്ച് പീഡനം നടത്തുകയായിരുന്നു. രണ്ടു ദിവസത്തെ ക്രൂരപീഡനത്തിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോവിഡ് സാഹചര്യംമൂലം മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട്കാണാൻ തയാറായില്ല. മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട് കാണാൻ തയാറാകാത്തിരുന്ന സംഭവവും, തമിഴ്‌നാട്ടിൽ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. ഹ്യൂമണ്‍ റൈറ്റ് വാച്ച് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്തസ്രാവം കാരണം പല തവണ അച്ഛന്റെയും, മകന്റെയും വസ്ത്രങ്ങൾ പോലീസ് തന്നെ മാറ്റിക്കൊണ്ടേയിരുന്നു. തിങ്കളാഴ്ച നെഞ്ചുവേദനയെ തുടർന്നാണ് ബെന്നിക്‌സിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവവും മൂലം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജയരാജ് മരണപ്പെടുന്നത്. ഇരുവരുടെയും മരണത്തിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയിലെ വ്യാപാരികള്‍ കടകളടച്ച് പൊലീസ് സ്റ്റേഷനിലെക്ക് മാര്‍ച്ച് നടത്തി. മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുമുന്നിൽ അവരവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊവിഡിന്റെ കാരണം പറഞ്ഞോ സാമൂഹ്യ അകലത്തിന്റെ കാര്യം പറഞ്ഞോ പൊലീസിന് പോലും പ്രതിഷേധത്തെ തടുക്കാനായില്ല. കസ്റ്റഡി മരണത്തിനെതിരെ ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ നേരിട്ട് ഇടപെട്ടു. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോൾ. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചെങ്കിലും, കുറ്റവാളികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയാണ്.
തമിഴ്‌നാട് പോലീസിൽ കാക്കിക്കുള്ളിൽ ഇടംനേടിയ പൈശാചികത കൈമുതലായുള്ള മനുഷ്യക്കോലങ്ങളായ അഞ്ചു പോലീസുകാരാണ്
ഒരച്ഛനെയും,മകനെയും കസ്റ്റഡിയിൽ വെച്ച് മൃഗീയമായി മർദിച്ചിരിക്കുന്നത്. ഒരിക്കലും ഇനി കാക്കിക്കുള്ളിലോ, സർക്കാർജോലിക്കോ അവകാശമില്ലാത്തവരാണവർ. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ അവരുടെ കൂട്ടാളികളാണെന്നു നാളെ ജനം വിധിയെഴുതും.അതുകൊണ്ടു തന്നെ ഒരു വീട്ടിലെ രണ്ടു ജീവനുകൾ നഷ്ട്ടമായ ജയരാജന്റെ ബന്ധുക്കളുടെ ആവശ്യം തമിഴ്നാട് സർക്കാർ കേൾക്കണം. ആ പിശാചുക്കളായ കരങ്ങളെ പോലീസിൽ നിന്ന് തൂക്കി വെളിയിലെറിയണം. കൊലക്കുറ്റം ചുമത്തി, പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.ഇക്കാര്യത്തിൽ കറുത്തവനെന്നോ, വെളുത്തവനെന്നോ, വലിയവനെന്നോ, ചെറിയവനെന്നോ നോക്കരുത്.
വള്ളിക്കീഴൻ
Post Your Comments