മോദി നിങ്ങൾ എസി കാറിൽ നിന്ന് പുറത്തേക്ക് വരണം; പെട്രോൾ വില വർദ്ധനയ്ക്കെതിരെ സൈക്കിളിൽ സഞ്ചരിച്ച് റോബട്ട് വദ്ര

ന്യൂ ഡെൽഹി: രാജ്യത്തെ ഒരൂ ദിവസവും വർധിക്കുന്ന ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബട്ട് വദ്ര. അദ്ദേഹം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത് ഡെൽഹിയിലൂടെ തന്റെ ഓഫീസിലേയ്ക്ക് സൈക്കിൾ ചവിട്ടിയായിരുന്നു.
“നിങ്ങൾ (പ്രധാനമന്ത്രി) എസി കാറിൽ നിന്ന് പുറത്തേക്ക് വന്ന് ജനങ്ങൾ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് കാണണം. അങ്ങനെങ്കിലും ഒരു പക്ഷേ ഇന്ധനവില കുറയ്ക്കാം’- വാർത്താ ഏജൻസിയായ എഎൻഐയോട് വദ്ര പറഞ്ഞു.
മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി മാത്രമാണ് നരേന്ദ്ര മോദി മുന്നോട്ട് പോകുന്നതെന്നും വദ്ര വിമർശിച്ചു. ഡെൽഹിയിലെ ഖാൻ മാർക്കറ്റ് പ്രദേശത്ത് സ്യൂട്ടും ഹെൽമറ്റും ധരിച്ച് വദ്ര സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സർക്കാറിനെ കൂടുന്ന ഇന്ധനവിലയുടെ അടിസ്ഥാനത്തിൽ വിമർശിച്ചിരുന്നു. പെട്രോൾ പമ്പിൽ നിങ്ങളുടെ വാഹനത്തിന് പെട്രോൾ നിറയ്ക്കുമ്പോൾ മീറ്റർ മുകളിലേക്ക് പോകും. എന്നാൽ ക്രൂഡോയിൽ വില താഴേക്കാണ്. തങ്ങളുടെ സുഹൃത്തുക്കൾക്കായി നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനുള്ള ജോലി നന്നായി മോദി ചെയ്യുന്നുണ്ട്- രാഹുൽ ട്വീറ്റിൽ പറഞ്ഞു.