ട്രഷറി തട്ടിപ്പ് കേസിൽ പ്രതിയെ കേസെടുത്ത് നാല് ദിവസമായിട്ടും പിടികൂടാനായിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാലിനെ കേസെടുത്ത് നാല് ദിവസമായിട്ടും പിടികൂടാനായിട്ടില്ല. കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ട്രഷറി ഡയറക്ടറേറ്റിലെ ഹാർഡ് ഡിസ്ക്കുകളും പരിശോധനക്ക് വിധേയമാക്കുമെന്നും,പ്രതിക്കെതിരെയുള്ള പരമാവധി തെളിവുകൾ ശേഖരിച്ചു കഴിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു.
കേസുമായി ബന്ധപെട്ടു പ്രത്യേക പോലീസ് സംഘത്തിന്‍റെ അന്വേഷണം ആണ് നടക്കുന്നത്. തമിഴ്നാട്ടിലെ ബന്ധു വീട്ടിലേക്ക് ബിജുലാൽ കടന്നതായാണ്സൂചന. ഷാഡോ സംഘവും തിരച്ചിൽ നടത്തുന്നു. സബ്ട്രഷറിയിൽ നിന്ന് ശേഖരിച്ച ഹാർഡ് ഡിസ്ക്കുകൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്. പോലീസ് നിരീക്ഷണത്തിലുള്ള രണ്ടാം പ്രതി സിമിയെ ഉടൻ അറസ്റ്റ് ചെയ്യില്ല. ബിജുലാലിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ സിമിയെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടാകൂ. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർദേശിച്ചിട്ടുള്ളത്. ജാമ്യഅപേക്ഷ ആഗസ്റ്റ് 13ന് പരിഗണിക്കാനിരിക്കുകയാണ്.