കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ: സിഗ്നലിലെ പിഴവും സ്ഥല പരിമിതിയും യാത്ര ദുഷ്ക്കരമാക്കുന്നു

കൊച്ചി: കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ. മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും സിഗ്നലിലെ പിഴവും സ്ഥല പരിമിതിയും മൂലം മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുഷ്കരമാക്കുകയാണ്. എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നുമുണ്ട്.
പരിഷ്കാരങ്ങൾ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെയാണ്. ജോലി കഴിഞ്ഞ് പോകുന്നവർക്ക് സിഗ്നലിൽ നഷ്ടമാകുന്നത് ഏറെ മണിക്കൂറുകളാണ്. കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല.
ഇടപ്പള്ളി ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾക്ക് തൃപ്പൂണിത്തുറയിലേക്കുള്ള റോഡ് കയറി വേണം ഹബ്ബിലേക്ക് കടക്കാൻ. പിറവം, തൊടുപുഴ, കോട്ടയം ഭാഗത്തേക്ക് പോകുന്നവരാണ് കുരുക്കിൽ പെടുന്നവരിലേറെയും. ഫ്രീ ലെഫ്റ്റ് ഒരുക്കുന്നതിലെ പാളിച്ചയാണ് ഇതിന് കാരണം.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പാലത്തിനടിയിലെ റൗണ്ട് എബൗട്ട് കെട്ടിയടച്ചിരിക്കുകയാണ്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് സിഗ്നൽ ഉണ്ടായിട്ടും ദിവസവും പണിയെടുക്കുന്നത്. പാലം വന്നത്തിന്റെ ഗുണം പൂർണമായി ലഭിക്കുന്നില്ലെന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.