NationalUncategorized

പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാൽപ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം പശ്ചിമ ബംഗാളിലെ പുരുളിയയിൽ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തിൽ കത്തി നശിച്ചു. പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസിനാണ് തീപ്പിടിച്ചത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ പുരുളിയ, ഝാർഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്നിപുർ, ഈസ്റ്റ് മേദ്നിപുർ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളിൽ 29 ഇടത്തും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തിൽ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും 29 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് മത്സരിക്കുന്നത്.

അതേസമയം, അസമിൽ അപ്പർ അസമിലെയും സെൻട്രൽ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടർമാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളിൽ 39 ഇടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എ.ഐ.ഡി.യു.എഫ്., രാഷ്ട്രീയ ജനതാദൾ, എ.ജി.എം., സി.പി.ഐ.എം.എൽ. എന്നിവർ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളിലെ ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button