

മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍’ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകായാണെന്ന് വിധു വിന്‍സെന്റ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിക്കാന്‍ ഡബ്ല്യു.സി.സി നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നെന്നും,
ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യു.സി.സി ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ ആദ്യത്തെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള, വിധു വിൻസന്റ്, മാന്‍ഹോളിന് സംസ്ഥാന സര്‍ക്കാരിന്റെ 2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും, ഇതേ ചിത്രത്തിന് മികച്ച സംവിധായിക എന്ന പുരസ്‌കാരവും നേടിയിട്ടുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ് മലയാള സിനിമാ മേഖലയില്‍ ഡബ്ല്യു.സി.സി എന്ന പേരില്‍ വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്.
വിധു വിന്‍സെന്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും ഡബ്ലിയു സി സി യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ലിയു സി സി തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് ഡബ്ലിയു സി സിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു
Post Your Comments