മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ആരെ കബളിപ്പിക്കാൻ,മുട്ടു കൂട്ടിയിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുപോലെ നാറിയ ഇടപാട് നടത്തിയ മറ്റൊരു സർക്കാർ കേരള ചരിത്രത്തിലുണ്ടാവില്ല, രമേശ് ചെന്നിത്തല.

തിരുവനന്തപുരം/ സ്വർണക്കടത്തു കേസിൽ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഗിരിപ്രഭാഷണം നടത്തുന്നത് ആരെ കബളിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത് സ്വർണക്കടത്ത്, ഡോളർ കടത്ത്, നാടു കടത്ത് എന്നിവയാണ്. മുഖ്യമന്ത്രിയുടെ മുട്ടു കൂട്ടിയിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുപോലെ നാറിയ ഇടപാട് നടത്തിയ മറ്റൊരു സർക്കാർ കേരള ചരിത്രത്തിലുണ്ടാവില്ല. രമേശ് ചെന്നിത്തല പറഞ്ഞു.
കൊടുവള്ളി സംഘത്തിനു വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ കൊടുവള്ളിയിൽ എത്തിയപ്പോൾ ആരുടെ കാറാണ് ഉപയോഗിച്ചതെന്ന് എല്ലാവർക്കും അറിയാം. അന്വേഷണം പുരോഗമിക്കുന്നതോടെ കാര്യങ്ങളെല്ലാം പുറത്ത് വരും. അന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന മൊഴികളെല്ലാം വിശ്വസനീയമാണ്. അരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ, മകന് ജോലി തേടിപ്പോയ കടകംപള്ളി സുരേന്ദ്രൻ, കാരാട്ട് റസാഖ്, കാരാട്ട് ഫൈസൽ എന്നിവരെല്ലാം കള്ളക്കടത്തുമായി ബന്ധമുള്ളവരാണ്. ഇനിയും സിപിഎമ്മുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തുവരും. രമേശ് ചെന്നിത്തല പറഞ്ഞു.