വാക്സിനുകളുടെ രാജ്യത്ത് കൊറോണ കേസുകൾ ഉയരുന്നു; 40,953 പേർക്ക് കൂടി രോഗം, ഈ വർഷത്തെ എറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ്

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 40,953 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ രാജ്യത്തെ എറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്. 188 മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,55,284 ആയി. രാജ്യത്ത് ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,59,558 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
രോഗമുക്തിനേടിവരുടെ എണ്ണം 1,11,07,332 യിൽ എത്തിയപ്പോൾ നിലവിലെ ആറ്റീവ് കേസുകൾ 2,88,394 ആണ്. ഇന്ന് രാവിലെ പത്ത് മണിവരെയുളള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 4,20,63,392 ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ 80.63 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.
അതേസമയം ഇന്ത്യൻ വാക്സിനുകൾ രാജ്യത്ത് നൽകുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ആവശ്യപ്പെട്ടു. ഈ വാക്സിനുകളുടെ പാർശ്വഫലങ്ങൾ 0.000432 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.