കൊവിഡ് വ്യാപനം, സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടർന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനാണ് തീരുമാനമായത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, വിവിധ വിദ്യാര്‍ഥി സംഘടനകളും നല്കിയ പരാതികള്‍ പരിഗണിച്ചു കൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാന്‍സലര്‍ ഡോ എം.എസ് രാജശ്രീ അറിയിച്ചത്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.ഒ.ജെ. ലബ്ബ, ഡോ. സി.സതീഷ് കുമാര്‍, ഡോ. ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.