

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗ ബാധ വർധിക്കുകയാണ്. തിങ്കളാഴ്ച പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 35 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. തിങ്കളാഴ്ച പുതുതായി 193 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 92 പേര് വിദേശത്തുനിന്ന് വന്നവരാണ്. 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.അതേസമയം, കൊല്ലത്ത് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്, രണ്ട് മത്സ്യ വിൽപ്പനക്കാർ ഉൾപ്പെടെ 11 പേർക്കാണ്.
മത്സ്യ വിൽപ്പനക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായിട്ടുണ്ട്. ശാസ്താംകോട്ട അഞ്ഞിലിമൂട് ചന്തയിലെ മത്സ്യവിൽപ്പനക്കാരനായ പള്ളിശേരിക്കൽ സ്വദേേശി (52), ചവറ ചേനങ്കര അരിനല്ലൂർ കല്ലുംപുറത്ത് മത്സ്യകച്ചവടം നടത്തിയിരുന്ന പന്മന പുത്തൻചന്ത സ്വദേശി (36), എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടായത്. പള്ളിശേരിക്കൽ സ്വദേശിയായ മത്സ്യ വിൽപ്പനക്കാരൻ മീൻ എടുക്കുന്നതിനായി കായംകുളം, കരുവാറ്റ, അഴീക്കൽ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ട്. പനിയെ തുടർന്ന് ശാസ്താംകോട്ട നവഭാരത് ആശുപത്രിയിൽ ജൂൺ 27നും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ജൂലൈ നാലിനും ചികിത്സ തേടിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ച് സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പന്മന സ്വദേശിയായ മത്സ്യ വിൽപ്പനക്കാരൻ കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളികോട്ട എന്നിവിടങ്ങളിൽ മത്സ്യവുമായി സഞ്ചരിച്ചിരിക്കുന്നു. പനിയെ തുടർന്ന് ജൂൺ 28ന് മോളി ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. ചവറ നീണ്ടകര താലൂക്ക് ആശുപത്രിയിൽ സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്.
Post Your Comments