

കൊല്ലം ഇ എസ് ഐ ആശുപത്രിയിൽ ഗർഭിണിയായെത്തിയ യുവതിക്കുണ്ടായ അനുഭവം, ഒരു കുഞ്ഞിനെയെങ്കിലും നൊന്തു പ്രസവിച്ച ഏതൊരമ്മയുടെയും നെഞ്ചു പൊട്ടിക്കുന്ന വാർത്തയാണ്. രാത്രിയിൽ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ അഭയം തേടിയ ഉളിയക്കോട് സ്വദേശി വിജിയാണ് ആരോഗ്യ പ്രവർത്തകരുടെ മനസാക്ഷി ഇല്ലായ്മക്ക് ഇരയായത്. ഉളിയക്കോട് സ്വദേശിയായ വിജിയെ കഴിഞ്ഞ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16 ആണ് പ്രസവ തീയതി പറഞ്ഞിരുന്നത്. പക്ഷെ ചൊവ്വാഴ്ച രാത്രി മുഴുവൻ പ്രസവ വേദന അനുഭവിച്ചു വീർപ്പുമുട്ടിയ വിജി പുലർച്ചെ പ്രാഥമിക കർമത്തിന് പോയപ്പോൾ ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവ വേദനയെ തുടർന്ന് രാത്രി ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രാത്രി മൂന്നിലേറെ തവണ ആശുപത്രി ജീവനക്കാരോട് പ്രസവ വേദനയെ കുറിച്ച് ബന്ധുക്കൾ അറിയിച്ചെങ്കിലും ഒരു പരിചരണവും, പ്രതികരണവും ഉണ്ടായില്ല.
ശുചിമുറിയിലെ വീഴ്ചയ്ക്കുശേഷം ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ട കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പ്രസവ സമയത്ത് അമ്മയുടെ ഉദരത്തിലെ സ്രവം കുഞ്ഞിൻ്റെ ഉള്ളിൽപ്പോവുകയും ചെയ്തിരുന്നു. കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിയെ ആശുപത്രിയിൽ അധികൃതർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വിജിയുടെ ആദ്യ പ്രസവമാണിത്. സംഭവത്തിൽ ഇ എസ് ഐ ആശുപത്രി അധികൃതർ ബുധനാഴ്ച വൈകിട്ടുവരെ പ്രതികരിക്കാൻ തയ്യാറായില്ല. കുഞ്ഞിന്റെ ശ്വാസതടസ്സത്തെ കുറിച്ച് അറിയിച്ചെങ്കിലും അക്കാര്യത്തിലും ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്.
Post Your Comments