വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി സംവിധാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുന്നത് പ്രായോഗികമല്ല.
KeralaNews

വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി സംവിധാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുന്നത് പ്രായോഗികമല്ല.

പതിച്ചു നല്‍കിയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി സംവിധാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏകജാലക സംവിധാനവും പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ നിര്‍മ്മാണങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവിട്ടിരുന്നു. ഈ സംവിധാനം കേരളം മുഴുവന്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തിലാണ് സര്‍ക്കാര്‍ കോടതിയിൽ വിശദീകരണം നല്‍കിയത്. കെട്ടിടം നിര്‍മ്മിക്കാന്‍ സമര്‍പ്പിച്ച അപേക്ഷ വില്ലേജ് അധികൃതര്‍ തള്ളിയതിനെതിരെ ഇടുക്കി മുട്ടുകാട് സ്വദേശിനി ലാലി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് മൂന്നാറിലെ ചട്ട ഭേദഗതി സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിച്ചാണ് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ച സർക്കാർ, ഈ സാഹചര്യം മറ്റിടങ്ങളിലില്ലെന്നും, നിബന്ധന നടപ്പാക്കും മുൻപ്പ് മൂന്നാറിന് തുല്യമായ സ്ഥിതിയുള്ള മറ്റിടങ്ങളെക്കുറിച്ച്‌ പഠിക്കണം എന്നും അറിയിച്ചു. ഈ നിബന്ധന സംസ്ഥാനം മുഴുവന്‍ നടപ്പാക്കിയാല്‍ പരിമിതമായ സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കുന്നവരെ ദോഷകരമായി ബാധിക്കും. ഉന്നതതല കൂടിക്കാഴ്ചകളും വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചകളും വ്യക്തമായ നയവുമില്ലാതെ തദ്ദേശ സ്വയം ഭരണ വകുപ്പിന് തീരുമാനം എടുക്കാനാവില്ല.
നിര്‍മ്മാണ അനുമതി അപേക്ഷകള്‍ കെട്ടിട നിര്‍മാണചട്ട പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് സമര്‍പ്പിക്കുന്നത്. സെക്രട്ടറിയാണ് അനുമതി നല്‍കുക. ഏകജാലകം നടപ്പാക്കാന്‍ റവന്യു, ഫയര്‍ ഫോഴ്‌സ്, ആര്‍ട്ട് ആന്‍ഡ് ഹെറിട്ടേജ് കമ്മിഷന്‍, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുമായും ആലോചിക്കണം. ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളിലില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ അവരുടെ സേവനം ലഭ്യമാക്കുക എളുപ്പമല്ല. അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കുന്നത് വൈകാനും കാരണമാകും. നടപടികള്‍ സുതാര്യമാക്കുന്നതിന് ഇന്റഗ്രേറ്റഡ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചി​ട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ സർക്കാർ പറയുന്നു.

Related Articles

Post Your Comments

Back to top button