Latest NewsNewsPoliticsWorld

ലോകത്തിന് ഭീഷണി ഉയര്‍ത്തി ഉത്തര കൊറിയ

കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനും ക്രൂരതകള്‍ക്കും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ഇടക്കാലത്ത് അമേരിക്കയുമായി ചര്‍ച്ച നടത്തുകയും അവരുടെ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന് ശാരീരിക അസ്വാസ്ഥ്യതകള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അടുത്തകാലത്തൊന്നും അവരില്‍ നിന്ന് ലോകത്തിന് ഭീഷണി ഉയരില്ല എന്നായിരുന്നും എല്ലാവരും വിചാരിച്ചത്.

എന്നാല്‍ ലോകരാജ്യങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് അവര്‍ ദീര്‍ഘദൂര ക്രൂസ് മിസൈല്‍ പരീക്ഷിച്ചിരിക്കുകയാണ്. 1500 കിലോമീറ്റര്‍ ദൂരപരിധിയാണ് മിസൈലിനെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തര കൊറിയ നടത്തിയ ആണവനിരായുധീകരണമുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഫലവത്താവും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഉത്തര കൊറിയയെ എപ്പോഴും സഹായിക്കുന്ന ചൈന അമേരിക്കയുമായി കൂടുതല്‍ അകന്നതോടെ ഈ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു.

ഉത്തര കൊറിയയുടെ പ്രകോപനങ്ങളെ സഹിഷ്ണുതയോ നേരിട്ടിരുന്ന ദക്ഷിണ കൊറിയ അതേനാണയത്തില്‍ തിരിച്ചടിക്കുക കൂടി ചെയ്തതോടെ മേഖലയില്‍ പരിഭ്രാന്തി പടര്‍ന്നിരിക്കകുയാണ്. ചൈനയെയും ഉത്തര കൊറിയയെയും എപ്പോഴും സഹായിക്കുന്ന റഷ്യയും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനീസ് പിന്‍ബലത്തില്‍ ഉത്തര കൊറിയയുടെ വെല്ലുവിളികള്‍ അതിരുകടക്കുന്നത് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്ക് എപ്പോഴും ഭീഷണിയാണ്.

ഇതിനിടയില്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇന്ത്യയുമായി വ്യാപാര സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ മിക്ക കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. അവരുടെ ചരക്കുകള്‍ നീങ്ങുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണെന്നതും നാവിക ശക്തിയില്‍ ഇന്ത്യ മുന്നിലാണെന്നതും ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. മാത്രമല്ല ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനും അമേരിക്കയും ചേര്‍ന്ന് രൂപീകരിച്ച ക്വാഡ് കൂട്ടായ്മ തങ്ങള്‍ക്ക് വെല്ലുവിളിയാണെന്നുതന്നെയാണ് ചൈന മനസിലാക്കുന്നത്.

ഈ കൂട്ടായ്മയെ ചെറുക്കാന്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ പോലും മാറ്റിവച്ച് ചൈന നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ഉത്തര കൊറിയയെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഉയിഗുര്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ ചൈന തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ഒരു ചൈനക്കാരന്‍ തന്നെ കൊറോണ വൈറസ് വ്യാപനം ചൈനയുടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു എന്നു വെളിപ്പെടുത്തിയതോടെ ചൈനയ്ക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദവും ഏറുകയാണ്. ഇതിനെ മറികടക്കാന്‍ ചൈന താലിബാനു വേണ്ടിയുള്ള വാദവും ജപ്പാനും ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ഉപരോധങ്ങളും പൂര്‍വാധികം ശക്തമാക്കിയിരിക്കുകയാണ്.

ഇതിനൊപ്പമാണ് ഉത്തരകൊറിയയോടുള്ള അനുഭാവപൂര്‍ണമായ സഹകരണം. ഈ സഹകരണമാണ് ഉത്തര കൊറിയയെ പൂര്‍വാധികം ശക്തരാക്കുന്നത്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ എല്ലാ ഉപരോധങ്ങളിലും പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സഹായകമാവുന്നതും ചൈനയുടെ ഇടപെടലുകളാണ്. ദക്ഷിണ കൊറിയയെ ഏതുവിധേനയും നശിപ്പിക്കുകയാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്നാണ് ഉത്തര കൊറിയ വിചാരിക്കുന്നത്. ഇതിന് എല്ലാ പ്രോത്സാഹനവും നല്‍കി ചൈന കൂടെയുണ്ട്. ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ അത് ലോകമഹായുദ്ധത്തിലാവും കലാശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button