പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ല.
NewsKeralaAutomobile

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ല.

ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇ – മൊബിലിറ്റി സർക്കാർ നയമാണ്. പുതിയ കാലത്ത് വൈദ്യുത വാഹനങ്ങളുടെ ഉപഭോഗം വർധിപ്പിക്കണമെന്നതാണ് സർക്കാർ തീരുമാനം. 2022-ഓടെ പത്ത് ലക്ഷം വൈദ്യുതിവാഹനങ്ങളെങ്കിലും നിരത്തിലിറക്കണം എന്നാണ് ലക്ഷ്യം. നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൻതോതിൽ വൈദ്യുതി വാഹനങ്ങൾ വേണം എന്നത് സർക്കാരിന്‍റെ നയമാണ്. ഇതൊന്നും വെറും തോന്നൽ അല്ല. സാധ്യതകളും വെല്ലുവിളികളും പഠിച്ച് വേണം പദ്ധതി തയ്യാറാക്കാൻ.

2019-ലാണ് ഇ മൊബിലിറ്റിക്ക് വേണ്ട കൺസൽട്ടൻ്റ് ആയി മൂന്ന് ഏജൻസികളെ തീരുമാനിച്ചത്. പ്രൈസ് വാട്ട‍ർ ഹൗസ് കൂപ്പർ ദക്ഷിണമേഖല – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം. കെപിഎംജി മധ്യമേഖല , കോട്ടയം, ഇടുക്കി, തൃശ്ശൂ‍ർ, പാലക്കാട്, മലപ്പുറം. ഏണേസ്റ്റ് ആൻഡ് യം​ഗ് – കോഴിക്കോട്, കണ്ണൂ‍ർ, കാസ‍ർകോട്, വയനാട്. എന്നിങ്ങനെയാണ് മൂന്ന് എജൻസികൾക്ക് മൂന്ന് മേഖലകൾ വിഭജിച്ചു കൊടുത്തത്.

പ്രൈവസ് വാ‍ട്ട‍ർ ഹൗസ് കൂപ്പ‍ർ ഒരു കൺസൽട്ടിം​ഗ് കമ്പനിയാണ്. അവർക്ക് സെബിയുടെ വിലക്കില്ല. പ്രൈസ് വാട്ട‍ർ ഹൗസ് ആൻഡ് കമ്പനി എന്ന ബാം​ഗ്ലൂ‍ർ ആസ്ഥാനമായ ഓഡിറ്റിം​ഗ് കമ്പനിക്കാണ് വിലക്കുള്ളത്. ഡോ.മൻമോഹൻസിം​ഗ് സ‍ർക്കാരിന്‍റെ കാലത്ത് ഉയർന്ന് വന്ന അ​ഗസ്റ്റ് വെസ്റ്റ് ലാൻഡ് ഇടപാടിൽ സിഎജി ​ഗുരുതര പാളിച്ചക​ൾ കണ്ടെത്തി പ്രതിസ്ഥാനത്ത് നി‍ർത്തിയത് ഈ സ്ഥാപനത്തെയാണ്. ആ കേസ് ഇപ്പോഴും തുടരുകയാണ്. അതൊരു ഓഡിറ്റ് കമ്പനിയാണ്. ഇതൊരു കൺസൽട്ടിം​ഗ് സ്ഥാപനവും. രണ്ടും രണ്ടാണ് എന്ന ലളിതമായ കാര്യം മറച്ചു വയ്ക്കുന്നു.

കേന്ദ്രം എംപാനൽ ചെയ്‌ത ഒരു ഏജൻസിയെ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്താണ് തെറ്റെന്ന് പറയാൻ പ്രതിപക്ഷനേതാവിന് സാധിച്ചിട്ടില്ല. കേരളത്തിൻ്റെ ഭാവിയെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ് വൈദ്യുത വാഹനങ്ങളുടെ ഉപഭോ​ഗം. വ്യവസായ വകുപ്പ്, ധനകാര്യവകുപ്പ്, ​ഗതാ​ഗതവകുപ്പ് എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് 2019-ൽ ഈ കമ്പനിയെ കൺസൽട്ടൻ്റായി നിയമിച്ചത്. ഇങ്ങനെ വളരെ സുതാര്യമായി എല്ലാ സ‍ർക്കാ‍ർ സംവിധാനങ്ങളിലുടേയും കയറിയിറങ്ങിയാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ അം​ഗീകരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യവികസവും ലക്ഷ്യമിട്ടാണ് സ‍ർക്കാ‍ർ മുന്നോട്ട് പോകുന്നത്. കിഫ്ബി എന്നത് മല‍ർപ്പൊടിക്കാരൻ്റെ സ്വപ്നമാണ്, ഉഡായിപ്പാണ് എന്നെല്ലാമാണ് പ്രതിപക്ഷനേതാവ് പല വേദികളിലും പറഞ്ഞത്. എന്നാൽ ഇപ്പോൾ കിഫ്ബി അതിൻ്റെ പ്രഖ്യാപിത ല​ക്ഷ്യങ്ങൾ നേടിത്തുടങ്ങിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. 50000 കോടിയായിരുന്നു കിഫ്ബിയുടെ ലക്ഷ്യം. എന്നാൽ 57000 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി ഇതിനോടകം അം​ഗീകാരം നൽകി. പതിനായിരം കോടിയുടെ പദ്ധതികൾ ഇതിനോടകം തുടങ്ങി. 5000 കോടിയുടെ ബിൽ ഇതിനോടകം പാസ്സാക്കി. എല്ലാ നിയോജകമണ്ഡലങ്ങളിലും അ‍ഞ്ച് കോടി വീതം ചിലവഴിച്ച് ഒരോ സ്കൂൾ വീതം രാജ്യാന്തര തലത്തിലുള്ള നിലവാരത്തിലേക്ക് ഉയ‍ർത്താനുള്ള പദ്ധതി ഈ ഡിസംബറോടെ പൂ‍ർത്തിയാവും. സെക്കൻഡ‍റി – ഹയ‍ർ സെക്കൻഡറി തലത്തിൽ 45000 ക്ലാസുകളാണ് ഹൈടെക്കായത്. കൊവിഡ് വെല്ലുവിളിക്ക് ഇടയിലും ഇതു പൂ‍ർത്തിയായി. 25 ആശുപത്രികളിൽ 2200 കോടി ചിലവാക്കി വികസനം ഉറപ്പാക്കി. 977 കോടി ചിലവിട്ട് പെട്രോ കെമിക്കൽ പാ‍ർക്കിൻ്റെ ഭൂമിയേറ്റെടുത്തു.

ഇതൊക്കെ മല‍ർപൊടിക്കാരൻ്റെ സ്വപ്‌നമാണോ, ഉഡായിപ്പാണോ അതൊക്കെ ജനങ്ങൾ തീരുമാനിക്കട്ടെ. പ്രതിപക്ഷനേതാവ് തിരുത്തി പറയണം എന്ന് പറയുന്നില്ല. പക്ഷേ അദ്ദേഹത്തിൻ്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ​ഗുണഫലം അനുഭവിക്കുന്നുണ്ടല്ലോ. റീബിൽഡ് കേരളയുടെ കൺസൽട്ടൻസി കെപിഎംജിക്ക് നൽകിയതിൽ അഴിമതി എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മൂന്ന് ദിവസം കഴിഞ്ഞ് അതു മാറ്റിപ്പറഞ്ഞു. കെപിഎംജിക്ക് കൺസൽട്ടൻസി കൊടുത്ത കാര്യം ചട്ടപ്രകാരമാണെന്ന് വൈകിട്ടത്തെ വാ‍ർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞെന്നും താൻ അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു കാര്യവും പരിശോധിക്കാതെയാണ് പ്രതിപക്ഷനേതാവ് ഓരോ ആരോപണം ഉന്നയിക്കുന്നത് എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാകുന്നത്?

ഏപ്രിൽ 15-ന് അദേഹം പറഞ്ഞു, റേഷൻ കാ‍ർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരം ഇതിനോടകം സ്പ്രിംഗ്ളറിന് നൽകിയെന്ന്. വ്യക്തി​ഗതവിവരങ്ങളും സ്പ്രിംഗ്ള‍ർ കമ്പനിക്ക് കച്ചവടം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജൂൺ 25-ന് ആ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് മാധ്യമപ്രവ‍ർത്ത‍കർ ചോദിച്ചപ്പോൾ വിവരങ്ങൾ ​ദുരുപയോ​ഗം ചെയ്യില്ലെന്ന സ‍ർക്കാ‍ർ വാദം അം​ഗീകരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയാണോ പ്രതിപക്ഷനേതാവ് പെരുമാറേണ്ടത്? – മുഖ്യമന്ത്രി ചോദിച്ചു.

Related Articles

Post Your Comments

Back to top button