സ്വപ്നയുടെ വീട്ടിലെ പതിവ് സന്ദർശനം, ശിവശങ്കറിലേക്കും അന്വേഷണം നീളും.
NewsKeralaLocal NewsBusinessCrime

സ്വപ്നയുടെ വീട്ടിലെ പതിവ് സന്ദർശനം, ശിവശങ്കറിലേക്കും അന്വേഷണം നീളും.

സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐടി സെക്രട്ടറി ശിവശങ്കർ ഒടുവിൽ വെട്ടിലായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രം എം. ശിവശങ്കറിനെ മാറ്റിയിരിക്കുകയാണ്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നിരിക്കെയാണ് നടപടി. മുഖ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും, ഐടി സെക്രട്ടറിയായി ശിവശങ്കർ തുടരും. പക്ഷെ സ്വർണ്ണക്കടത്ത് സംഭവം വിവാദമായ സാഹചര്യത്തിൽ ശിവശങ്കർ ആറ് മാസ ലീവിനും അപേക്ഷ നൽകി. തന്റെ വകുപ്പിലെ ഒരു ജീവനക്കാരി മാത്രമായ സ്വപ്നയുടെ വീട്ടിൽ ശിവശങ്കർ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നത് കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഐ ടി സെക്രട്ടറിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് കസ്റ്റംസിനെ ഈ കാര്യം കൊണ്ടുചെന്നെത്തിക്കുകയാണ്.

സ്വപ്ന സുരേഷിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ വിശദീകരണം തേടുന്നുണ്ട്. മുഖ്യനറിയാതെയാണ് സ്വപ്നയുടെ നിയമനം ഉണ്ടായിരിക്കുന്നത്. ഐടി സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പോലും വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകരിൽ ചിലരുടെ കളിപ്പാവ മാത്രമായിരുന്നു ഐ ടി സെക്രട്ടറി എന്ന ആരോപങ്ങളും ഉയരുന്നുണ്ട്. സ്പ്രിങ്ക്ലർ മുതൽ വിവാദപരമായ പല ഇടപാടുകളിലും ഈ ഒരു ലോബിയുടെ ചരട് വലികളാണ് നടന്നു വന്നിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കടുത്ത അതൃപ്തിയാണുള്ളത്.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിനെക്കുറിച്ച്‌ ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ്, സ്വപ്നയുടെ
വീടുമായുള്ള അടുപ്പം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറികൂടിയായിരുന്ന ഐ ടി സെക്രട്ടറി മൂടിവെച്ചതും ഗൗരവമായിരിക്കുകയാണ്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജന്‍സ് അറിയിച്ചു. പ്രതി ഉന്നതരുമായിബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതാണ്. നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ കേസിലെ ആസൂത്രക ഐടി വകുപ്പിലെത്തിയതും ഐടി സെക്രട്ടറിയുമായുള്ള അവരുടെ ബന്ധവും കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. നിയമനം താൻ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കികഴിഞ്ഞിട്ടുണ്ട്. ഐടി സെക്രട്ടറി ശിവശങ്കരന്‍റെ തലയിൽ തന്നെയാണ് സ്വപ്നയുടെ നിയമനം കുടുങ്ങിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസിലെ പ്രതി, യുഎഇ കോൺസലേറ്റിൽ നിന്ന് പുറത്താക്കിയയാൾ എങ്ങനെ ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടു എന്നതാണ് ഏവരെയും അതിശയപ്പെടുത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധം നിയമനത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button