കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് അനുമതി ഈ ആഴ്ച; സ്കൂളുകള്‍ അധികം വൈകാതെ തുറക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനുളള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി് ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നതിലൂടെ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞേക്കും.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ സ്കൂളുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയായിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം അപേക്ഷ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സൈക്കോവ് ഡി. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്സിനാണ് സൈക്കോവ് ഡി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്് സൈക്കോവ്ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നില്‍ പരിഗണനയ്ക്ക് വരുന്നത്.
12 മുതല്‍ 18 വയസ്സ് പ്രായമുള്ള 1000 കൗമാരക്കാരായ കുട്ടികളിലുള്‍പ്പെടെ രാജ്യത്ത് 28,000 പേരിലാണ് സൈക്കോവ്-ഡിയുടെ പരീക്ഷണം നടന്നത്. ഡെല്‍റ്റ വകഭേദത്തിനുള്പ്പെടെ ഈ മരുന്ന് മികച്ച പ്രതിരോധം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് കോവിഡ് വാക്സിനില്‍ നിന്ന് വിഭിന്നമായി സൈക്കോവ്-ഡി യുടെ മൂന്ന് ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. അനുമതി ലഭിച്ചാല്‍ പ്രതിവര്‍ഷം 120 മില്ല്യണ്‍ ഡോസ് മരുന്ന് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒരു പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് കുത്തിവയ്ക്കുമ്പോള്‍ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍ ഉല്പാദിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുതിയ വകഭേദങ്ങള്‍ക്കെതിരേയും വളരെ വേഗത്തില്‍ പ്രതിരോധം തീര്‍ക്കാനും സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്