

വാളയാർ കുടുംബത്തെ ഇനിയും വെറുതെ വിടില്ല, സഹോദരനെ അജ്ഞാതസംഘം പിന്തുടരുന്നു, പീഡനക്കേസ് ഏറ്റെടുക്കാന്‍ പിതാവിൽ പോലീസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദം.
സാക്ഷര കേരളത്തിന് തന്നെ അപമാനമായ പാലക്കാട് വാളയാറില്‍ ദളിത് സഹോദരികൾ പീഡനത്തിനിരകളായി മരണപ്പെട്ട കേസിൽ
കേസന്വേഷണത്തിന്റെ തുടക്കം മുതൽ ആരംഭിച്ച പോലീസിന്റെ വേട്ടയാടൽ ആ കുടുംബത്തോട് തുടരുകയാണ്. മരിച്ച പെണ്‍കുട്ടികളുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ അജ്ഞാതസംഘം പിന്തുടര്‍ന്ന്ഭീഷണിപ്പെടുത്തുന്നതിനൊപ്പം,മക്കളുടെ ദുരൂഹമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ പിതാവിനെ നിർബന്ധിക്കുന്നതായി ആരോപണം.
രണ്ടു പെൺകുട്ടികൾ നഷ്ട്ടമായ ആ നിർധന ദരിദ്ര കുടുംബത്തിനു നേരെയുള്ള വേട്ടയാടൽ തുടരുകയാണെന്നാണ് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ മരണശേഷം പട്ടികജാതി വികസനവകുപ്പിന്റെ വാളയാറിലെ ഹോസ്റ്റലില്‍ താമസിപ്പിച്ചിരുന്ന പന്ത്രണ്ടുകാരന്‍ സഹോദരനെ അന്വേഷിച്ച് ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ ബൈക്കിലെത്തിയിരുന്നു. പ്രതിഭാഗത്തുള്ളവരെന്നു സംശയിക്കുന്നവർ ഇപ്പോഴും പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്തുടരുകയാണ്. ഏതാനും മാസം മുൻപ്പ് പുലര്‍ച്ചെ നാലിന് ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം “വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ സഹോദരന്‍ ഇവിടെയുണ്ടോ” എന്ന് അന്വേഷിച്ച് മടങ്ങുകയുണ്ടായി. മൂത്ത പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ ഏക സാക്ഷിയായിരുന്ന ഇളയപെണ്‍കുട്ടി അന്നുതന്നെ സംഭവത്തെക്കുറിച്ച് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു. ദൃക്‌സാക്ഷി മരണമടഞ്ഞതിനാല്‍ കേസില്‍ പുനരന്വേഷണമുണ്ടായാല്‍ സഹോദരന്റെ മൊഴി നിര്‍ണായകമാകും എന്നതിനാൽ തന്റെ മകന്റെ ജീവന് തന്നെ ഭീക്ഷണിയായിരിക്കുന്നു എന്നും മാതാപിതാക്കൾ പറയുന്നു.
ഹോസ്റ്റലിലെത്തിയ അജ്ഞാതസംഘത്തെക്കുറിച്ച് അന്നുതന്നെ പൊലീസിലറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. രണ്ട് മക്കള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കുടുംബത്തില്‍ അവശേഷിക്കുന്ന ആണ്‍കുട്ടിയെക്കൂടി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു. കൊവിഡ് കാലമായതിനാല്‍ സ്കൂളില്‍ പോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടിയെ സംരക്ഷിക്കാന്‍ കൂലിപ്പണിക്കുപോലും പോകാതെ മാതാപിതാക്കളിൽ ഒരാള്‍ കാവലിരിക്കുകയാണ്. നിര്‍ഭയയുടെ മാതാവിനെപ്പോലെ നീതിതേടി തെരുവിലേക്കിറങ്ങുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം ഭാരവാഹികളായ സി.ആര്‍. നീലകണ്ഠന്‍, അനിത ഷിനു, വി.എം. മാര്‍സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.
പീഡനക്കേസ് ഏറ്റെടുക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളുടെ പിതാവിനെ നിർബന്ധിക്കുകയാണ്. മക്കളുടെ ദുരൂഹമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. കുറ്റം ഏറ്റെടുത്താല്‍ ശിക്ഷ കിട്ടാതെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും ഉദ്യോഗസ്ഥന്‍ പിതാവിന് ഉറപ്പുനല്‍കിയിരിക്കുന്നു. ഭാര്യയോടുപോലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് പത്രസമ്മേളനത്തിൽ ആ പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, വാളയാർ കേസിൽ പ്രതിഭാഗത്തുള്ളത് സി പി എം അനുഭാവികളും, പ്രവർത്തകരുമാണെന്ന ആരോപണം ആദ്യം മുതൽക്കേ ഉയർന്നിരുന്നു. അത് കൊണ്ട് തന്നെയാണ് ഇരകളുടെ ബന്ധുക്കൾക്ക് നീതി ലഭിക്കാനുള്ള സാധ്യത ആദ്യ കോടതിവിധിയിൽ പോലീസിന്റെ കളികൊണ്ടു തന്നെ ഇല്ലാതാക്കിയത്. കേസന്വേഷണത്തിന്റെ തുടക്കം മുതൽ ചില പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുകയാണ്. എന്നാൽ ആ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടിയെടുക്കാൻ സർക്കാർ അലംഭാവം കാട്ടിയാണ്, ഇപ്പോൾ ഇരകളുടെ സഹോദരനെ ഭീക്ഷണിപ്പെടുത്തലുകളിലും, കേസ് ഏറ്റെടുക്കാൻ പിതാവിൽ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തുന്നതിലും വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
പോസ്കോ കേസിൽ വാളയാർ പോലീസ് അട്ടിമറി നടത്തിയത് കൊണ്ട് തന്നെ എസ് സി, എസ് ടി അട്രോസിറ്റി ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. എസ് സി, എസ് ടി അട്രോസിറ്റി ആക്ട് പ്രകാരം കേസ് അന്വേഷിക്കുന്ന ഏതു അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായാലും അവരുടെ പേരിൽ കേസ്സെടുക്കാൻ നിയമം പറയുന്നുണ്ട്.
സംരക്ഷണത്തിന്റെ പേരിൽ കടുത്ത നിയമങ്ങൾ നിലവിലുള്ളപ്പോഴാണ് കേസ് ഏറ്റെടുക്കാൻ ഇരകളുടെ പിതാവിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദം ഉണ്ടായിരിക്കുന്നതെന്നതാണ് പിണറായി വിജയൻ മുഖ്യ മന്ത്രി ആയിരിക്കുന്ന കേരളത്തിൽ നടക്കുന്നതെന്നാണ് വിചിത്രം.
Post Your Comments